ടീച്ചറും കുട്ട്യോളും

4 ജനുവരി 2013-ന് ഗൂഗിൾ പ്ലസ്സിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ പുനഃപ്രസിദ്ധീകരണമാണിത്.

മാവൂർ ജി.യു.പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുക്കാൻ പോയിരുന്നു. വ്യക്തിശുചിത്വവും, സാംക്രമിക രോഗങ്ങളും, കുത്തിവെപ്പുകളും ഒക്കെയായിരുന്നു വിഷയങ്ങൾ. 30 ഓളം കുട്ടികളുള്ള ആറാം ക്ലാസിലാണ് പഠിപ്പിക്കേണ്ടിയിരുന്നത്. പ്രൊജക്ടർ സൗകര്യം ഇല്ലാത്തതിനാൽ ചാർട്ടുകൾ വരച്ച് കൊണ്ടുപോകുകയാണ് ചെയ്തത്. ക്ലാസ് കേൾക്കാൻ കുട്ടികൾക്കൊക്കെ ഭയങ്കര ഉത്സാഹം. ചിലര് നോട്ട്സ് എഴുതി എടുക്കുന്നുമുണ്ട്. പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ യാതൊരു സങ്കോചവും കൂടാതെ ചോദ്യങ്ങൾ ചോദിക്കും. ചിലപ്പോൾ നമ്മൾ പറയുന്ന കാര്യത്തെപ്പറ്റി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാവും ചോദിക്കുക. “ക്രിക്കറ്റുകാർ മുഖത്ത് ടൂത്ത്പേസ്റ്റ് തേക്കുന്നതെന്തിനാണ്” എന്നതായിരുന്നു ഒരു വിരുതന്റെ ചോദ്യം. ഡോക്ടറാവാൻ പഠിക്കുന്ന ചേച്ചിയാണെന്ന് പറഞ്ഞപ്പോൾ രണ്ട് കുട്ടികൾ കൺസൾട്ടേഷന് വന്നു. പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ, “ടീച്ചറേ, എന്റെ കയ്യിൽ ഒരു ചൊറിയുണ്ട്, നോക്കിക്കേ?” എന്ന് പറഞ്ഞാണ് ബെഞ്ച് ചാടി വരുന്നത്. മറ്റെയാൾക്ക് നെറ്റിയിൽ മുറിവുണ്ട്, അത് ഉണങ്ങുന്നില്ല എന്നതാണ് പരാതി. രണ്ട് ദിവസം മുൻപ് ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ വീണ് മുറിഞ്ഞതാണ്. ആദ്യത്തെയാളെ തൊട്ടടുത്ത പി.എച്ച്.സിയിലേക്ക് റെഫർ ചെയ്തു. രണ്ടാമത്തെയാൾക്ക് മുറിവ് ഉണങ്ങുന്നതെങ്ങനെ, മുറിവ് അണുബാധ വരാതെ സൂക്ഷിക്കേണ്ടതെങ്ങനെ എന്നൊക്കെ കഴിയാവുന്നത്ര സിമ്പിളാക്കി പറഞ്ഞുകൊടുത്തു. പ്രൊജക്ട് ചെയ്യാൻ വേണ്ടി ശാസ്ത്ര പുസ്തകത്തിലുള്ള ഒരു ചോദ്യത്തിന്റെ ഉത്തരമാണ് മറ്റ് രണ്ട് പേർക്ക് അറിയേണ്ടിയിരുന്നത്. ക്ലാസ് കഴിഞ്ഞപ്പോൾ ലീഡർ മുന്നോട്ട് വന്ന് നന്ദി പറഞ്ഞു. അടുത്തത് ഇന്റർവെൽ ആയിരുന്നു. അപ്പോൾ നാലഞ്ച് കുട്ടികൾ ഞങ്ങളെ ഫോളോ ചെയ്ത് സ്റ്റാഫ് റൂമിൽ എത്തി, ടീച്ചറുടെ വീടെവിടെയാണ്, പഠിക്കുന്നതെവിടെയാണ്, നാളെയും ക്ലാസ് എടുക്കാൻ വരുമോ എന്നൊക്കെ ചോദിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ചു പോകുമ്പോഴും നാലഞ്ച് പിള്ളേർ ‘ടീച്ചർ റ്റാറ്റാ, ടീച്ചർ റ്റാറ്റാ” എന്ന് പറഞ്ഞ് രണ്ടാമത്തെ നിലയിലുള്ള ക്ലാസ് റൂമിന്റെ ജനലിലൂടെ കൈവീശുകയാണ്.

09122011236
മാവൂർ ജി.യു.പി സ്കൂളിന്റെ പ്രവേശനകവാടത്തിനരികെ

ഞാൻ യു.പി സ്കൂളിൽ പഠിച്ചിരുന്ന കാലം ഓർത്തുപോയി. കർണ്ണാടകയിലെ ഒരു പ്രൈവറ്റ് സ്കൂളിലാണ് പഠിച്ചത്. ക്ലാസിൽ ടീച്ചർ വന്ന് എന്തെങ്കിലുമൊക്കെ പറയും. എല്ലാവരും മിണ്ടാതെ അത് കേൾക്കും. ടീച്ചർ പാഠത്തിന്റെ അവസാനം കൊടുത്തിട്ടുള്ള നാലഞ്ച് ചോദ്യങ്ങളുടെ ഉത്തരം ബോർഡിൽ എഴുതും. അത് അതേപോലെ നോട്ടുബുക്കിൽ പകർത്തി വയ്ക്കും. പരീക്ഷയ്ക്ക് വരാൻ സാധ്യത ഉള്ള ചോദ്യങ്ങൾ മാർക്ക് ചെയ്തു തരും. അത് മാത്രം പഠിക്കും. ഒരൊറ്റ സംശയം പോലും ചോദിച്ചതായി ഓർമ്മയില്ല. ആറു മാസം കൂടുമ്പോൾ ഡോക്ടർ പരിശോധിക്കാൻ വരും. ചിലപ്പോൾ ക്ലാസും എടുക്കും. ആരും ചോദ്യമൊന്നും ചോദിക്കില്ല.

ഇപ്പഴത്തെ കുട്ടികളെയൊക്കെ പഠിപ്പിച്ചും, കളിപ്പിച്ചും, പ്രൊജെക്ട് ചെയ്യിച്ചും കൊണ്ടുനടക്കുന്ന ടീച്ചർമാരെയൊക്കെ നമിച്ചു പോയി. എന്നാലും ഇവർ ചോദ്യങ്ങൾ ചോദിച്ചും, ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസിലാക്കിയും വളരുന്നുണ്ട് എന്നത് എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.

7 thoughts on “ടീച്ചറും കുട്ട്യോളും

  1. hai nethaji,

    ‘ടീച്ചറും കുട്ട്യോളും ‘ വായിക്കാന്‍ രസമുണ്ട്.കുട്ടികള്‍ aidsനെ പറ്റി വല്ല സംശയവും ചോദിച്ചോ?ഇപ്പോഴത്തെ കാലത്ത്‌ ഒരു ഡോക്ടറെ അടുത്ത് കിട്ടിയാല്‍ ഇതുപോലുള്ള സംശയങ്ങള്‍ സാധാരണമാണ്.ഇതുപോലുള്ള അനുഭവങ്ങള്‍ ഇനിയും എഴുതുമല്ലോ ?…….

    • ചോദിച്ചില്ല. ഒരു ഹൈസ്കൂൾ ലെവലൊക്കെ എത്തിയ കുട്ടികൾ സാധാരണയായി എയിഡ്സിനെക്കുറിച്ചൊക്കെ ചോദിച്ചു മനസിലാക്കാറുണ്ട്. ഇതെപ്പറ്റിയൊന്നും വലിയ അറിവില്ലാത്ത പ്രായമായതുകൊണ്ടായിരിക്കണം, അത്തരം ചോദ്യങ്ങളൊന്നും ഉണ്ടായില്ല.

  2. കുട്ടികളുമായി ഇടപഴകാനും അവരില്‍ ഒരാളാകാനും നന്നേ ബുദ്ധിമുട്ടാണ്, നല്ല ക്ഷമാശീലം അനിവാര്യം തന്നെ . താങ്കളുടെ ഉദ്യമം പ്രശംസനീയം തന്നെ ..പിന്നെ ഇതൊക്കെ ഒരു രസം തന്നെആണ് ;പഠിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല പക്ഷെ പഠിപ്പിക്കാന്‍ ഇശ്ശി മുട്ടാണ്‌താനും. അതുകൊണ്ടാണ് നല്ല അധ്യാപകരെ കുട്ടികള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്നത് . അതിപ്പോ ചില മണിക്കുറുകള്‍ മാത്രം അവരോടൊപ്പം ചിലവാക്കിയവാരകാം അല്ലെങ്കില്‍ പല അധ്യയന വര്‍ഷങ്ങള്‍ കഴിഞ്ഞവരും ആകാം.അതുപോലെ ആകാന്‍ കഴിഞ്ഞെങ്കില്‍ നല്ലത് തന്നെ: ഇനിയും അനുഭവങ്ങള്‍ പങ്കിടുക :

  3. ഇതു വായിച്ചപ്പോള്‍ എന്‍റെ കുട്ടികാലം എനിക്കോര്‍മ്മ വരുന്നു ! തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തേക്ക് എന്നെ മടക്കി കൊണ്ടുപോയതിനു നന്ദി !
    ഇന്ന് വിദ്യാഭ്യാസം വെറും കച്ചവടം മാത്രമായി ഒതുങ്ങുന്നു ഇന്നത്തെ വിദ്യാഭ്യാസ രീതികളെ കുറിച്ച് എന്താണ് അഭിപ്രായം

    വിജേഷ് . വി . ജെ

Leave a reply to yasir മറുപടി റദ്ദാക്കുക

This site uses Akismet to reduce spam. Learn how your comment data is processed.