ടെഡ് പ്രസംഗങ്ങൾ തർജമ ചെയ്യുന്നതെങ്ങനെ?

റിമ കല്ലിങ്കലിന്റെ ടെഡ്-എക്സ് പ്രസംഗം വൈറലായിക്കൊണ്ടിരിക്കുകയാണല്ലോ. എന്താണീ ടെഡ്-എക്സ് എന്നറിയാമോ?

ടെഡ് എന്നത് ഒരു സംഘടനയാണ്. ടെക്നോളജി (T), എന്റർടെയ്ന്മെന്റ് (E), ഡിസൈൻ (D) എന്നതിന്റെ ചുരുക്കെഴുത്താണ് . ഈ സംഘടന നടത്തുന്ന കോൺഫറൻസുകൾ ലോകപ്രസിദ്ധമാണ്. ടെഡ് കോൺഫറൻസുകളിൽ സംസാരിക്കാൻ ക്ഷണം കിട്ടുന്നത് ഏതെങ്കിലും മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ്. ബിൽ ഗേറ്റ്സ്, സ്റ്റീഫൻ ഹോക്കിങ്, മിഷേൽ ഒബാമ എന്നീ പ്രമുഖരൊക്കെ ടെഡ് ടോക്കുകൾ നടത്തിയിട്ടുണ്ട്. ഗഹനമായ ആശയങ്ങളെ സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ലഘൂകരിച്ച്, രസകരമായ രീതിയിലാണ് ടെഡ് ടോക്കുകൾ അവതരിപ്പിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യയിലെ പുതിയ കണ്ടുപിടുത്തങ്ങൾ മുതൽ നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന സംഭവങ്ങൾ വരെ ടെഡ് ടോക്കുകളിൽ കടന്നു വരാറുണ്ട്. ഒരോ ടെഡ് ടോക്കിനും പതിനെട്ടു മിനിറ്റിൽ താഴെ ദൈർഘ്യമേ ഉണ്ടാകുകയുള്ളൂ. ഈ ചെറിയ ഇടവേളയ്ക്കുള്ളിൽ ഒരു പ്രധാനപ്പെട്ട ആശയം കഴിയുന്നതും ലളിതമായി പറയുക എന്നതാണ് ടെഡ് പ്രാസംഗികരുടെ രീതി. ഏതാണ്ട് 2600 ടെഡ് ടോക്കുകൾ ഇപ്പോൾ നിലവിലുണ്ട്. തീരെ അറിവില്ലാത്ത ഒരു വിഷയത്തെക്കുറിച്ച് പെട്ടെന്ന് ഒരു ധാരണ ഉണ്ടാക്കിയെടുക്കാൻ ടെഡ് ടോക്കുകളെക്കാൾ നല്ല ഉപാധി വേറെയില്ല.

ടെഡ് എന്ന സംഘടന മാത്രം വിചാരിച്ചാൽ ലോകത്തിലെ എല്ലാ വിഷയങ്ങളെക്കുറിച്ചും ടോക്കുകൾ നിർമ്മിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ടെഡ്-എക്സ് എന്ന ആശയം തുടങ്ങിയത്. ടെഡ് മാതൃസംഘടന നൽകുന്ന ലൈസൻസ് ലഭിച്ച ആർക്കും ടെഡ്-എക്സ് ടോക്കുകൾ സംഘടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ലോകമെമ്പാടും പ്രാദേശികമായി ടെഡ്-എക്സ് ടോക്കുകൾ നടക്കുന്നുണ്ട്. ഇങ്ങനെ തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്കിലാണ് റിമ കല്ലിങ്കൽ സംസാരിച്ചത്.

ടെഡ് ടോക്കുകൾക്ക് മലയാളം സബ്ടൈറ്റിലുണ്ടായിരുന്നെങ്കിൽ എന്തെളുപ്പമായേനേ എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നിങ്ങൾക്കും ടെഡ് ടോക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിക്കാം. നിലവിൽ വിരലിലെണ്ണാവുന്നത്ര ടെഡ് തർജ്ജമകർ മാത്രമേ മലയാളത്തിലുള്ളൂ. കൂടുതൽ പേർ സന്നദ്ധപ്രവർത്തകരായി ടെഡ്/ടെഡ്-എക്സ് ടോക്കുകൾ തർജ്ജമ ചെയ്യാൻ മുന്നോട്ടു വന്നാൽ ഇംഗ്ലിഷ് അറിയാത്തവർക്കും ടെഡ് ടോക്കുകൾ പ്രാപ്യമാകും. ഒരുപക്ഷെ, നിങ്ങൾ ചെയ്യുന്ന ഓരോ ടെഡ് തർജ്ജമയും ഒരുപാടുപേരെ പഠനത്തിൽ സഹായിച്ചേക്കാം.

എല്ലാ വർഷവും നടക്കുന്ന ആഗോള ടെഡ് കോൺഫറൻസുകളിൽ മുപ്പതോളം ടെഡ് തർജ്ജമകരെയും ക്ഷണിക്കാറുണ്ട്. ഞാൻ ക്യാനഡയിലെ വിസ്ലറിലും (2015), ബാൻഫിലും (2016) നടന്ന ടെഡ് കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്. വിമാനയാത്രയും, താമസച്ചിലവുമൊക്കെ ടെഡ് വഹിക്കും. ടെഡ് കോൺഫറൻസിൽ പങ്കെടുക്കുന്നത് മറക്കാനാവാത്ത അനുഭവമാണ്. അതിപ്രശസ്തരായ പല വ്യക്തികളും ടെഡ് കോൺഫറൻസുകളിൽ കാഴ്ചക്കാരായും, പ്രാസംഗികരായും വരാറുണ്ട്. ഇവരെയൊക്കെ പരിചയപ്പെടാനും, ടെഡ് ആക്റ്റിവിറ്റികളിൽ പങ്കെടുക്കാനുമൊക്കെ സാധിക്കും. ചിലപ്പോൾ അടുത്ത ടെഡ് കോൺഫറൻസിൽ നിങ്ങൾക്കും പങ്കെടുക്കാൻ സാധിച്ചേക്കാം!

ടെഡ്.കോം എന്ന വെബ്സൈറ്റിൽ ചെന്ന് എല്ലാ ടെഡ് ടോക്കുകളും സൗജന്യമായി കാണാവുന്നതാണ്. ടെഡ് ടോക്കുകൾ തർജ്ജമ ചെയ്യുന്നതിനെപ്പറ്റി കൂടുതലറിയാൻ താൾ കാണുക. ഈ താളിലെ ‘അപ്ലൈ നൗ’ എന്ന ബട്ടൺ ഞെക്കി, ടെഡ് അക്കൗണ്ട് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ താഴെ കമന്റായോ, നേരിട്ട് ഈ-മെയിൽ വഴിയോ ചോദിക്കുമല്ലോ.