വെന്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക്

രമേശിനെ (പേര് സാങ്കല്പികം) ഞാൻ ആദ്യമായി കാണുന്നത് ഓർത്തോപീഡിക്സ് ക്യാഷ്വാലിറ്റിയിൽ വച്ചാണ്. ഞാൻ ഹൗസ് സർജനായി* ഓർത്തോപീഡിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കാലം. ദൃക്സാക്ഷിയുടെ മൊഴി പ്രകാരം, റോഡരികിൽ മുറിവേറ്റ് ചോരയൊലിച്ച നിലയിലാണ് രമേശിനെ കണ്ടെത്തിയത്. നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറ്റ് രണ്ട് രോഗികളെ ഓപ്പറേഷനു കൊണ്ടുപോകാൻ തയ്യാറാക്കി  നിർത്തിയിരിക്കുന്ന സമയത്താണ് രമേശ് എത്തുന്നത്. സുമാർ രാത്രി 8 മണി സമയമായിട്ടുണ്ടാകും. ക്യാഷ്വാലിറ്റി ഡ്യൂട്ടിയായതുകൊണ്ട് എനിക്ക് 24 മണിക്കൂറും ജോലിയെടുക്കണം. രമേശിനെ കൊണ്ടുവന്നവർക്കൊന്നും അദ്ദേഹത്തിന്റെ പേരറിയില്ല. അവരുടെ നാട്ടിലെ മീൻ മാർക്കറ്റിന്റെ പിന്നിലുള്ള പണിതീരാത്ത കെട്ടിടത്തിൽ താമസക്കാരനായ തമിഴനാണെന്നേ അവർക്കറിയൂ. മെഡിക്കോ ലീഗൽ കേസാണെന്നതിനാൽ, രോഗിയെപ്പറ്റി അറിയാവുന്നത്ര വിവരങ്ങൾ ഓ.പി. ടിക്കറ്റിൽ രേഖപ്പെടുത്തി. പോാക്കറ്റിൽ നിന്ന് കിട്ടിയ ഫോണിൽ തിരഞ്ഞ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെയാരെയെങ്കിലും വിളിച്ചു വരുത്താൻ ഉപദേശിച്ചു. വലത്തെ കാലിന്റെ തുടയെല്ലിൽ പൊട്ടുണ്ട്. ഭാഗ്യത്തിന് ഓപ്പൺ ഫ്രാക്ചർ അല്ല. കാലിലും കയ്യിലും പലയിടത്തായി ചെറിയ മുറിവുകളിൽ നിന്നും ചോരയൊലിക്കുന്നുണ്ട്. ഉടനെ പ്ലാസ്റ്റർ ചെയ്യണമെന്നും, എമർജൻസിയായി ഓപ്പറേഷൻ ആവശ്യമില്ലെന്നും, എന്നാൽ അഡ്മിറ്റ് ആവണമെന്നും പി.ജി ഡോക്ടർ രമേശിന്റെ കൂടെ വന്നവരെ പറഞ്ഞു മനസിലാക്കി. തലയ്ക്കും, വയറിനും, സുഷ്മുനയ്ക്കും, നെഞ്ചിൻകൂടിനും കുഴപ്പമൊന്നുമില്ലെന്നത് ഒന്നുകൂടി പി.ജി. ഡോക്ടർ തീർച്ചപ്പെടുത്തി. എക്സ്-റേ എടുത്ത് മറ്റ് എല്ലുകൾക്കൊന്നും പൊട്ടലില്ല എന്ന് തീർച്ചപ്പെടുത്തി.

പ്ലാസ്റ്റർ റൂമിൽ കയറ്റി, പ്ലാസ്റ്റർ ചെയ്ത്, തുന്നേണ്ട മുറിവുകൾ തുന്നിയശേഷം, രമേശിനെ ഒബ്സർവേഷൻ റൂമിൽ കിടത്തി. ‘കിടത്തി’ എന്നൊക്കെ അലങ്കാരത്തിനു പറയുന്നതാണ്. രമേശിന്റെ ട്രോളി, രോഗികളുടെ തിക്കും തിരക്കുമുള്ള ഒബ്സർവേഷൻ റൂമിലേക്ക് തള്ളി വച്ചു എന്ന് പറയുന്നതാകും ശരി. മുറിവ് തുന്നുമ്പോൾ പാതി ബോധമുള്ള അവസ്ഥയിലായിരുന്ന രമേശ് നിർത്താതെ പിച്ചും, പേയും പറയുന്നുണ്ട്. ഇടയ്ക്ക് കയ്യുയർത്തി എന്റെ ശരീരത്തിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. മദ്യത്തിന്റെയും വിയർപ്പിന്റെയും ദുഷിച്ച ഗന്ധം മൂക്കിലേക്ക് ഇടിച്ചു കയറുന്നുമുണ്ട്. രമേശിനെ അടക്കി നിർത്താനായി, അദ്ദേഹത്തിന്റെ  കൂടെ വന്ന ആളെ പ്ലാസ്റ്റർ റൂമിലേക്ക് കയറ്റി. രണ്ട് മിനിറ്റ് ഉള്ളിൽ നിന്നപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുകൊണ്ട് അയാളെ പുറത്തേക്ക് തന്നെ പറഞ്ഞയയ്ക്കേണ്ടി വന്നു. കുറച്ചധികം കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ ഏൽപ്പിച്ച പണി കൃത്യമായി ചെയ്തു എന്ന് വരുത്തി.

ഓർത്തോപീഡിക്സ് വാർഡിൽ ഒരേസമയം സ്ത്രീകളും പുരുഷന്മാരുമായി ഏതാണ്ട് 60 രോഗികളെങ്കിലും ഉണ്ടാകും. അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് രമേശും അതിലൊരാൾ മാത്രമായിരുന്നു. തമിഴ്നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ അച്ഛനമ്മമ്മാർ എത്തിയിട്ടുണ്ട് എന്ന് വാർഡിലെ സിസ്റ്റർ പറഞ്ഞിരുന്നു. തമിഴ്നാട് സ്വദേശിയായതുകൊണ്ട് കേരള സർക്കാറിന്റെ ആരോഗ്യ ഇൻഷൂറൻസ് പോലെയുള്ള ആനുകൂല്യങ്ങളൊന്നും രമേശിന് ഇല്ല. രമേശിന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയായിരുന്നെന്നാണ് ഡോക്ടർമാർ എല്ലാവരും കരുതിയിരുന്നത്. ഫാറ്റ് എംബോളിസം ഉണ്ടാകും വരെ.

എല്ലുകൾക്കുള്ളിൽ മജ്ജയും കൊഴുപ്പുമാണുള്ളത്. എല്ലുകൾക്ക് ക്ഷതം സംഭവിച്ചാൽ, വളരെ അപൂർവ്വമായി ഈ കൊഴുപ്പ് രക്തത്തിൽ പ്രവേശിക്കുകയും, ചെറിയ രക്തക്കുഴലുകളായ ക്യാപ്പില്ലറികളിൽ ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്യും. ഈ അവസ്ഥയെയാണ് ഫാറ്റ് എംബോളിസം എന്ന് വിളിക്കുന്നത്. ഇത്തരം ബ്ലോക്കുകൾ ശ്വാസകോശത്തിലാണ് സംഭവിക്കുന്നതെങ്കിൽ ശ്വാസതടസ്സം സംഭവിച്ച് രോഗി ഉടനടി മരണപ്പെടാം. അപൂർവ്വമായി മാത്രമേ എംബോളിസം സംഭവിക്കാറുള്ളെങ്കിലും, ഇത് മൂലമുള്ള മരണനിരക്ക് വളരെ അധികമാണ്. (ഹൗസ് എം.ഡി എന്ന ഇംഗ്ലിഷ് സീരിയലിൽ, ‘ഹെൽപ്പ് മി‘ എന്ന എപ്പിസോഡിൽ ഹന്ന എന്ന രോഗി ഫാറ്റ് എംബോളിസം മൂലം മരണപ്പെടുന്നത് കാണിക്കുന്നുണ്ട്.)

മൂന്നാം ദിവസം രാവിലെ, സഹ-ഹൗസ് സർജന്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത്. രമേശ് ശ്വാസം കിട്ടാതെ അത്യാസന്ന നിലയിലായതുകൊണ്ട് വേഗം വരണം എന്ന് പറയാനായിരുന്നു വിളിച്ചിരുന്നത്. ബാഗ്-മാസ്ക് വെന്റിലേഷൻ കൊടുത്തുകൊണ്ടാണ് രമേശിന്റെ ഓക്സിജൻ സാച്ചുറേഷൻ 70-ൽ താഴാതെ നിലനിർത്തിക്കൊണ്ടിരുന്നത്. ബാഗ്, മാസ്ക് എന്നൊക്കെ കേൾക്കുമ്പോൾ ഇത് വലിയ സംഭവമാണെന്നൊന്നും വിചാരിക്കരുത്. താഴെക്കാണുന്ന ചിത്രത്തിൽ ഉള്ള സാധനമാണ് ബാഗ്-ആന്റ്-മാസ്ക്. ഇതിലെ ചുവപ്പ് സാധനം മിനിറ്റിൽ 12 തവണ ഞെക്കിക്കൊടുത്താണ് രോഗിയുടെ രക്തത്തിലെ ഓക്സിജനളവ് കൂട്ടുന്നത്.

ballon_ventilation_1
ബാഗ്-വാല്വ്-മാസ്ക് അഥവാ ആംബു ബാഗ്. കടപ്പാട്: വിക്കിമീഡിയ കോമൺസ്

ഫാറ്റ് എംബോളിസം സ്ഥിതീകരിക്കാനും, മറ്റ് അവയവങ്ങളുടെ പ്രവർത്തനം പഠിക്കാനും വേണ്ടി ഉടനെ തന്നെ ടെസ്റ്റുകൾ നടത്തി. പെട്ടെന്ന്, ഓക്സിജൻ സാച്ചുറേഷൻ താഴ്ന്ന് 35 വരെയൊക്കെ എത്തി. ഉടനടി വെന്റിലേറ്റർ സഹായം കൊടുത്തില്ലെങ്കിൽ രോഗി രക്ഷപെടില്ല. മെഡിസിൻ ക്യാഷ്വാലിറ്റിയിലെ വെന്റിലേറ്ററുകൾ മുഴുവനും ഉപയോഗത്തിലാണ് എന്നതുകൊണ്ട് രോഗിയെ സ്വീകരിക്കാൻ മെഡിസിൻ വിഭാഗം തയ്യാറായില്ല. സർജറി ഡിപ്പാർട്ട്മെന്റിന്റെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാൽ, രോഗിയെ മെഡിസിനിലെ ഒരു ഡോക്ടർ ദിവസവും വന്ന് നോക്കിക്കോളാം എന്ന ധാരണയുടെ പുറത്ത് ഞങ്ങൾ രമേശിനെ സർജറി വിഭാഗത്തിന്റെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രമേശിന്റെ ടെസ്റ്റ് റിസൾട്ടുകൾ ഭൂരിഭാഗവും ഫാറ്റ് എംബോളിസമാണെന്ന് രോഗകാരണം എന്ന് തെളിയിക്കും വിധത്തിലുള്ളതായിരുന്നു.

രോഗി സർജറി വിഭാഗത്തിന്റെ വെന്റിലേറ്ററിലായാൽ ഒരു പ്രശ്നമുണ്ട്. രോഗിക്കല്ല, ഹൗസ് സർജനാണ് പ്രശ്നം. 24 മണിക്കൂറും ഒരു ഹൗസ് സർജൻ വെന്റിലേറ്ററിലുള്ള രോഗിയോടൊപ്പം ഉണ്ടാവണം എന്നാണ് അലിഖിത നിയമം. വെന്റിലേറ്റർ വച്ചിരിക്കുന്ന മുറി പ്രത്യേകം ക്യാബിനിനകത്താണെന്നും, ഐ.സി.യു ഡ്യൂട്ടി ചെയ്യുന്ന നേഴ്സിങ് സ്റ്റാഫ് എണ്ണത്തിൽ കുറവായതുകൊണ്ട് അവർക്ക് വെന്റിലേറ്ററിലുള്ള രോഗിയെ മുഴുവൻ സമയവും പരിചരിക്കാനാവില്ല എന്നതാണ് ഈ നിയമമുണ്ടാവാനുള്ള കാരണം. അങ്ങനെ മൂന്ന് ഹൗസ് സർജന്മാരുള്ള ഞങ്ങളുടെ വിഭാഗത്തിൽ, 8 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിലായി വെന്റിലേറ്ററിൽ രമേശിനു കാവലിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വാർഡിലും, ഓപ്പറേഷൻ തിയേറ്ററിലും, ക്യാഷ്വാലിറ്റിയിലുമുള്ള (അ)സാധാരണ ജോലിക്ക് പുറമെയാണിത്.

ആദ്യ 8 മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞപ്പോൾ തന്നെ കൂടെയുള്ള ഒരു ഹൗസ് സർജൻ ജോലിഭാരം സഹിക്കാനാവാതെ ലീവെടുത്ത് പോയി. ബാക്കിയുള്ളത് ഞങ്ങൾ രണ്ട് പേർ മാത്രം. ഞങ്ങൾ ഒരു ദിവസം 12 മണിക്കൂർ വാർഡിൽ ഡ്യൂട്ടി എടുത്ത ശേഷം, മറ്റേ 12 മണിക്കൂർ വെന്റിലേറ്ററിൽ രമേശിനൊപ്പം ഇരിക്കണം. രമേശിന്റെ അവസ്ഥ ഭേദപ്പെട്ട് വെന്റിലേറ്ററിൽ നിന്ന് ഇറക്കുന്നത് വരേയ്ക്കും ഇതായിരിക്കും ഞങ്ങളുടെ ഷെഡ്യൂൾ. ഇടയ്ക്ക് കുളിക്കാനും, കഴിക്കാനുമൊക്കെ പോകണമെങ്കിൽ ഡ്യൂട്ടി നേഴ്സിനെ രോഗിയെ ഏൽപ്പിച്ച ശേഷം പെട്ടെന്ന് തിരിച്ചുവരണം. ഹോസ്പിറ്റലിനു പുറത്ത് ഒരു ലോകമുണ്ടെന്നതൊക്കെ മറന്ന കാലമായിരുന്നു അത്. രമേശ് വെന്റിലേറ്ററിലായിരുന്ന ആ ഒരാഴ്ചക്കാലം ഞാനും സഹ-ഹൗസ് സർജനും സൂര്യപ്രകാശം കണ്ടിട്ടില്ല. ഡ്യൂട്ടിക്കിടയിൽ പലതവണ ഉറങ്ങിപ്പോകും. ഒരുപാട് നേരം ഉറങ്ങിയാൽ പ്രശ്നമാകുമെന്നതുകൊണ്ട് മൂന്ന് മണിക്കൂർ ഇടവേളയിൽ അലാറം വയ്ക്കും. ഞെട്ടിയെഴുന്നേറ്റ് രമേശിന് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിക്കും. വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴും.

രമേശിനെ കാണാനായി അദ്ദേഹത്തിന്റെ അമ്മയും, അച്ഛനും, ജ്യേഷ്ഠനും ദിവസം മൂന്ന് വട്ടം ഐ.സി.യുവിലേക്ക് വരുമായിരുന്നു. എനിക്ക് തമിഴും, അവർക്ക് മലയാളവും തീരെ അറിയില്ല. എന്നിട്ടും, രമേശിന്റെ അവസ്ഥ ഗുരുതരമാണ്, കൂടുതൽ ശ്രദ്ധ വേണം എന്നൊക്കെ ഞാൻ അറിയാവുന്ന പോലെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. രമേശിന് ഇന്നെങ്ങനെയുണ്ട് എന്ന് അമ്മ എല്ലാ നേരവും ചോദിക്കും. ഭേദപ്പെട്ട് വരുന്നുണ്ടെന്ന് പറഞ്ഞാൽ കടവുളൈയെ വിളിച്ച് നന്ദി പറയും. മോശപ്പെട്ടു എന്ന് പറഞ്ഞാൽ വാവിട്ട് കരയും. ഐ.സി.യുവിന് മുൻപിൽ പായയിട്ടാണ് മൂന്നുപേരും ഇരിക്കുന്നത്. കിടന്നുറങ്ങുന്നതും അവിടെ തന്നെ. ഞാൻ ഐ.സി.യുവിൽ നിന്ന് പുറത്തിറങ്ങുമ്പോഴും, അകത്ത് കയറുമ്പോഴും ഉടനെ ബഹുമാനത്തോടെ എഴുന്നേറ്റ് നിൽക്കും. ചിലപ്പോൾ എന്തെങ്കിലും ആവശ്യത്തിന് ഇവരെ വിളിച്ചു വരുത്തേണ്ടി വരുമ്പോൾ ആരെയും കാണില്ല. ഇവരെ തേടി നടക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് രമേശിന്റെ അച്ഛന്റെ ഫോൺ നമ്പർ വാങ്ങിവച്ചു. ഒന്ന് രണ്ട് പ്രാവശ്യം ഇവരെ കാണാതായപ്പോൾ ഫോണിൽ വിളിച്ചാണ് ഐ.സി.യുവിലേക്ക് വരുത്തിച്ചത്. 

മധുരൈക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് രമേശിന്റെ കുടുംബം താമസിക്കുന്നത്. എല്ലാവരും കൃഷിപ്പണിക്കാരാണ്. ചെറിയ തോതിൽ പച്ചക്കറി കച്ചവടവുമുണ്ട്. തുച്ഛമായ വരുമാനമേ ലഭിക്കുന്നുള്ളൂ. രമേശ് നാട്ടിൽ വരുമ്പോഴൊക്കെ പണം കൊടുക്കാറുണ്ട്. ഇവരെല്ലാവരും അമ്മയുടെ (ജയലളിത) ഭക്തരാണ്. രമേശിന്റെ അപകടവാർത്തയറിഞ്ഞപ്പോൾ കയ്യിലുള്ളതും കടം വാങ്ങിയതുമായ 3000 രൂപയുമായാണ്  കേരളത്തിലേക്ക് വണ്ടികയറിയത്. ഇത്ര കുറവ് പണം കൊണ്ട് എന്താവാൻ? അനുകമ്പ തോന്നിയ മറ്റ് രോഗികൾ കുറച്ചൊക്കെ പണം കൊടുത്ത് സഹായിക്കുന്നുണ്ട്. അടുത്തുള്ള അമ്പലത്തിൽ പോയപ്പോൾ ഒരാൾ 500 രൂപ കൊടുത്ത് സഹായിച്ചു. ദിവസവും കഞ്ഞി സൗജന്യമായി കിട്ടുന്നുണ്ട്.

വെന്റിലേറ്ററിൽ കിടന്ന ഒരാഴ്ച കാലയളവിൽ രമേശിന്റെ തൊണ്ടയിലുള്ള ശ്വാസക്കുഴൽ രണ്ട് തവണ പുറത്തുചാടി. ഒരിക്കൽ ചുമച്ചപ്പോൾ കുഴൽ പുറത്ത് ചാടിയതാണെങ്കിൽ, മറ്റൊരിക്കൽ വിഭ്രാന്തിയിൽ രമേശ് തന്നെ വലിച്ച് പുറത്തിടുകയായിരുന്നു. അന്ന് ഉടനടി ക്യാഷ്വാലിറ്റിയിൽ നിന്നും എമർജൻസി മെഡിസിൻ ഡോക്ടറെ കൊണ്ടുവന്ന് റീ-ഇൻട്യുബേറ്റ് ചെയ്യിക്കുകയായിരുന്നു. രമേശിന്റെ സ്ഥിതി മെച്ചപ്പെട്ടു വന്നപ്പോൾ ഈ ട്യൂബ് മാറ്റാനും, വായിലൂടെ ചെറിയ രീതിയിൽ ദ്രാവക ഭക്ഷണം കൊടുക്കാനും നിർദ്ദേശം കിട്ടി. കുറേ ദിവസങ്ങൾക്കു ശേഷമാണ് ഭക്ഷണം കഴിക്കുന്നതെന്നതുകൊണ്ട് ആദ്യം വളരെ കുറച്ച് മാത്രം ഭക്ഷണം കൊടുത്ത്, ക്രമേണ അളവ് കൂട്ടിക്കൊണ്ട് വരികയാണ് ചെയ്യുക. രമേശിനു കൊടുക്കാനായി ഒരു ഗ്ലാസ് ജ്യൂസ് വാങ്ങിക്കൊണ്ടുവരാൻ സഹ-ഹൗസ് സർജൻ അദ്ദേഹത്തിന്റെ അച്ഛനോട് പറഞ്ഞു. തങ്ങൾ വിദ്യാഭ്യാസമില്ലാത്തവരാണെന്നും, എന്താണ് വാങ്ങേണ്ടതെന്ന് എഴുതി തരണമെന്നുമായി ആ അച്ഛൻ. രാത്രിയാണ് സമയം. എല്ലാ തരം ജ്യൂസും അപ്പോൾ കിട്ടാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരു ജ്യൂസെങ്കിലും കൊണ്ടുവന്നോട്ടേ എന്ന് വിചാരിച്ച് സഹ-ഹൗസ് സർജൻ ഇങ്ങനെ എഴുതിക്കൊടുത്തു:

Juiceഅല്പസമയം കഴിഞ്ഞ് വന്ന അച്ഛൻ, ഒന്നിനു പകരം നാലു കൂട്ടം ജ്യൂസുമായാണ് തിരിച്ചുവന്നത്! എല്ലാത്തിനും കൂടി 350 രൂപയും കൊടുത്തത്രേ. വാങ്ങിയതിലെ ഏതെങ്കിലും ഒരു ജ്യൂസ് മാത്രം അര ഗ്ലാസ് കൊടുത്താൽ മതിയെന്ന് നിർദ്ദേശിച്ചിട്ട്, സഹ-ഹൗസ് സർജൻ വാർഡിലേക്ക് പോയി. അടുത്ത ഷിഫ്റ്റിൽ ഐ.സി.യുവിലെത്തിയ ഞാൻ ഞെട്ടി. നാലു ഗ്ലാസ് ജ്യൂസ് മുഴുവനും രമേശിനെ കുടിപ്പിച്ചിരിക്കുന്നു! മകൻ വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ രമേശിന്റെ അമ്മ സ്നേഹത്തോടെ നാലു ഗ്ലാസ് ജ്യൂസും കുടിപ്പിച്ചതാണത്രെ. ഇനി എന്തു വേണമെങ്കിലും സംഭവിക്കാം എന്നതുകൊണ്ട് ജാഗരൂകത കൈവെടിയാതെ അന്ന് രാത്രി രമേശിനു കൂട്ടിരുന്നു. എങ്കിലും പേടിച്ചതൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, പിറ്റേ ദിവസം മുതൽ രമേശ് കഞ്ഞി കുടിക്കാനും തുടങ്ങി. സുഖമായതിനു ശേഷം രമേശിനെ വാർഡിലേക്ക് മാറ്റി.

പിന്നീടൊരിക്കൽ ഹോസ്പിറ്റലിൽ വച്ച് തന്നെ രമേശിനെയും അച്ഛനെയും കണ്ടു. ആദ്യം എനിക്ക് മനസിലായില്ലെങ്കിലും പറഞ്ഞു വന്നപ്പോൾ ആളെ പിടി കിട്ടി. ഫോളോ അപ്പ് വിസിറ്റിനു വന്നതായിരുന്നു അവർ. നല്ല പുരോഗതിയുണ്ടെന്നു പറഞ്ഞു.

ഇപ്പോൾ ഇത് എഴുതാൻ കാരണം, രമേശിന്റെ അച്ഛൻ കഴിഞ്ഞ ദിവസം എന്നെ ഫോണിൽ വിളിച്ചു. അറിയാവുന്ന കുറച്ച് തമിഴ് വച്ച്, രമേശിന്റെ ജ്യേഷ്ഠന്റെ കല്യാണത്തിന് എന്നെ ക്ഷണിക്കാനാണ് വിളിച്ചത് എന്ന് ഞാൻ മനസിലാക്കി. മംഗളങ്ങൾ ആശംസിച്ചു.

(2015 നവംബർ മാസം എഴുതിയ അനുഭവക്കുറിപ്പ്)

*പഠനത്തിന്റെ ഭാഗമായി ഒരു വർഷം സീനിയർ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നടത്തുന്ന  ജൂനിയർ ഡോക്ടർ

 

10 thoughts on “വെന്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക്

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.