ടെഡ് എന്ന് ചുരുക്കപ്പേരുള്ള ടെക്നോളജി, എന്റർടെയിന്മെന്റ്, ഡിസൈൻ എന്ന സംഘടനയാണ് എന്നെ കാനഡയിലെ വിസ്ലറിൽ നടക്കുന്ന ടെഡ്-ആക്ടീവ് സമ്മിറ്റിലേക്ക് ക്ഷണിച്ചത്. ആതിഥ്യ മര്യാദയുടെ കാര്യത്തിൽ കാനഡ മുൻപന്തിയിലാണെന്ന് പണ്ടേ കേട്ടറിവുണ്ടായിരുന്നു. ഇത് ശരിവയ്ക്കാനെന്നപോലെ, കനേഡിയൻ എംബസ്സി എനിക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബിസിനസ് വിസ അനുവദിച്ചു തന്നു. ഈ വിസ ഉപയോഗിച്ച് ആറു വർഷത്തിനുള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും കാനഡ സന്ദർശിക്കാനാവും.
യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ കോൺഫറൻസ് സംഘാടകർ, കട്ടിയുള്ള ജാക്കറ്റും, വിസ്താരമുള്ള കുടയും, കയ്യുറകളും, മഞ്ഞിനിണങ്ങുന്ന ഷൂസും കരുതണമെന്ന് അറിയിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ കേട്ടതുകൊണ്ടാണോ എന്നറിയില്ല, കാനഡയെക്കുറിച്ചുള്ള എന്റെ സങ്കല്പങ്ങളിൽ മഞ്ഞ് പുതച്ച മലകളും, വിജനമായ തടാകതീരങ്ങളും, ഇടതൂർന്നു നിൽക്കുന്ന മരങ്ങളും മാത്രമായിരുന്നു.

ടെഡ് കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ചാണ് ഞാൻ പങ്കെടുത്തത്. ടെഡ് പുറത്തിറക്കുന്ന പ്രഭാഷണങ്ങൾ മലയാളത്തിലേക്കു തർജ്ജമ ചെയ്യുന്നതിനു മേൽനോട്ടം വഹിക്കുക, വിക്കിമീഡിയയും ടെഡും തമ്മിലുള്ള സഹപ്രവർത്തനം സാധ്യമാക്കുക എന്നിവയായിരുന്നു എന്റെ ജോലി. സന്നദ്ധ സേവനമായി ഈ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണ് കാനഡയിലെ വിസ്ലറിൽ നടക്കുന്ന ഈ സമ്മേളനത്തിന് എന്നെ ക്ഷണിച്ചത്.
വിസ്ലറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം വാൻകൂവറിലാണ്. ഇവിടെ വിമാനമിറങ്ങിയതിനു ശേഷം മൂന്ന് മണിക്കൂറോളം റോഡ് മാർഗ്ഗം സഞ്ചരിച്ചാലേ വിസ്ലറിലെത്താനാകൂ. പാക്കിസ്താൻ സ്വദേശി ഉമറും, ദുബായ് സ്വദേശി സനായുമായിരുന്നു എന്റെ സഹയാത്രികർ. ഉർദുവിന് ഹിന്ദിയോടുള്ള സമാനതകളെക്കുറിച്ചും, ഇന്റിക് ഭാഷകൾ ഡിജിറ്റൽ യുഗത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഞങ്ങൾ ഏറെനേരം സംസാരിച്ചു. വഴിയരികിൽ കണ്ട തടാകങ്ങളുടെയും, കാടിന്റെയും ഭംഗി ആസ്വദിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ കാർയാത്ര.
വിസ്ലറിൽ വർഷത്തിന്റെ ഏറിയഭാഗവും 10 ഡിഗ്രിയിൽ താഴെയാണ് താപനില. കമ്പിളി വസ്ത്രങ്ങൾ കരുതണമെന്ന് സംഘാടകർ പറഞ്ഞതിന്റെ സാംഗത്യം കാറിൽ നിന്നിറങ്ങിയപ്പോൾ മനസിലായി. എല്ലു കോച്ചുന്ന തണുപ്പ്. ഇടയ്ക്കിടെ തണുത്ത കാറ്റും വീശുന്നുണ്ട്. ബ്ലാക്ക് കൂംബ് എന്ന മലനിരകളുടെ താഴ്വാരത്താണ് ഞങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്ന ഹിൽട്ടൺ ഹോട്ടൽ.
പിറ്റേ ദിവസം പ്രഭാതഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോൾ കണ്ടത് ഒരുപറ്റം കുട്ടികൾ ബ്ലാക്ക്കൂംബ് മലനിരകൾക്ക് താഴെ വരി നിൽക്കുന്നതാണ്. കുറഞ്ഞത് 200 കുട്ടികളെങ്കിലും സ്കേറ്റിങ് ബോർഡോ, സ്കീയിങ് ഷൂസോ കയ്യിലേന്തി വരിയിലുണ്ട്. ഇവരെല്ലാം സ്കീയിങോ, സ്കേറ്റിങോ പഠിക്കാനായി കാനഡയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വിസ്ലറിലേക്ക് എത്തിച്ചേർന്നതാണെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. മഞ്ഞുകാല പർവ്വത വിനോദങ്ങൾ പഠിപ്പിക്കുന്ന ഒട്ടേറെ അക്കാദമികളും വിസ്ലറിൽ പ്രവർത്തിക്കുന്നുണ്ട്. വളരെച്ചെറിയ ഗ്രാമമാണെങ്കിലും വിസ്ലർ ജനനിബിഡമാകുന്നത് വാരാന്ത്യങ്ങളിൽ സ്കീയിങ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമ്പോഴാണ്.

കോൺഫറൻസിന്റെ ആദ്യ ദിവസം ഭാഷാസമ്മേളനമായിരുന്നു. ടെഡിന്റെ സഹസംരംഭമായ ‘ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്ടിനെക്കുറിച്ചായിരുന്നു ചർച്ച. തർജ്ജമ ദുഷ്കരമായ വാക്കുകൾ, ഭാഷാ ടൈപ്പിങ് നേരിടുന്ന വെല്ലുവിളികൾ, ഭാഷാ സമൂഹവും സന്നദ്ധസേവക പ്രാതിനിധ്യവും എന്നിങ്ങനെ നാനാവിധ വിഷയങ്ങളിൽ ചർച്ചകൾ അരങ്ങേറി. പരിപാടി സമാപിച്ചത് തീക്കൂനയ്ക്ക് ചുറ്റുമിരുന്നുള്ള വിരുന്നു സൽക്കാരത്തോടെയാണ്.
വിസ്ലറിൽ വരുന്നവർ ബ്ലാക്ക്കൂംബ് പർവ്വതം കയറാതെ തിരിച്ചു പോകാറില്ല. ഗോണ്ടൊല എന്ന റോപ്പ്-വേ കാറുകളിലാണ് മല കയറുക. ലോകത്തിലെ ഏറ്റവും നീളമേറിയ താങ്ങുകാലുകളില്ലാത്ത റോപ്പ്-വേ കാറുകൾ എന്ന ഖ്യാതി ബ്ലാക്ക്കൂംബിലെ ഗോണ്ടൊലകൾക്ക് സ്വന്തം. കാറുകൾക്കകത്ത് നല്ല തണുപ്പായിരുന്നതുകൊണ്ട് പുതയ്ക്കാൻ കമ്പിളിപ്പുതപ്പും, കുടിക്കാൻ ചൂടു കാപ്പിയും കിട്ടും. സഞ്ചാരികൾക്കിടയിൽ ഡോക്ടർമാർ ഉണ്ടെങ്കിൽ സെൽഫ്-ഐഡന്റിഫൈ ചെയ്യുന്നത് അധികൃതർ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് യാത്രക്കാർക്ക് ഗോണ്ടൊലയിൽ വച്ചോ, മലമുകളിലെത്തിയശേഷമോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ സഹായത്തിനെത്താനാണിത്. കൊടും തണുപ്പുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിച്ച് ഒരു പരിചയവുമില്ലായിരുന്നിട്ടും തന്നാലാവുന്നത് ചെയ്യാമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഞാനും ഡോക്ടറാണെന്നും, സേവനസന്നദ്ധയാണെന്നും പ്രഖ്യാപിച്ചു. ഭാഗ്യം കൊണ്ട് അന്നേ ദിവസം ആർക്കും ചികിത്സയൊന്നും വേണ്ടി വന്നില്ല.
ബ്ലാക് കൂംബിലേക്കുള്ള ഗോണ്ടൊല യാത്ര. (1) ഗോണ്ടൊല (2) ഗോണ്ടൊലയ്ക്കകത്തിരുന്ന് കാപ്പി കുടിക്കുന്ന സഹയാത്രികർ (3) ഗോണ്ടൊലയിൽ കയറാൻ ആളുകൾ ക്യൂ നിൽക്കുന്നു. എല്ലാം സി.സി-ബൈ-എൻ.സി, ടെഡ് കോൺഫറൻസ്, ഫ്ലിക്കർ.

റോപ്പ്-വേ കാറുകളിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ മഞ്ഞു പുതച്ച് നിൽക്കുന്ന കോൺമരങ്ങൾ കാണാം. ഇവിടങ്ങളിൽ തവിട്ടുകരടികൾ ഉണ്ടെന്ന് ഗൈഡ് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഞങ്ങൾക്ക് തവിട്ടു കരടികളെ പ്രകോപിപ്പിക്കാതിരിക്കാനുള്ള മുൻകരുതലുകൾ പറഞ്ഞു തന്നിരുന്നു. പക്ഷെ, ഒരാഴ്ചത്തെ സന്ദർശനത്തിനിടയ്ക്ക് എനിക്ക് ഒരു കരടിയെപ്പോലും കാണാൻ സാധിച്ചിരുന്നില്ല.
ബ്ലാക്ക്കൂംബ് മല കയറുന്നത് ഗോണ്ടൊലയിലാണെങ്കിൽ ഇറങ്ങുന്നത് സ്കീയിങ് ചെയ്തിട്ടാണ്. സ്കീയിങ്ങിനുള്ള മിനുസമുള്ള പ്രതലമുണ്ടാക്കുന്നതിനു വേണ്ടി, രാത്രിസമയങ്ങളിൽ മഞ്ഞുനീക്കിയന്ത്രങ്ങൾ ബ്ലാക്ക്കൂംബിൽ പ്രവർത്തിക്കുന്നു. സ്കീയിങ് പരിചയമില്ലാത്തവർക്ക് ഗോണ്ടൊലയിൽ തന്നെ മലയിറങ്ങാം.
ഒരു ദിവസം അത്താഴസൽക്കാരം നടന്നത് മലമുകളിലെ റെസ്റ്റൊറണ്ടിലാണ്. ഭക്ഷണശാലയ്ക്കകത്തിരിക്കാൻ സൗകര്യമുണ്ടായിരുന്നെങ്കിലും, പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഊണ്മേശയ്ക്ക് ചുറ്റുമിരുന്നാണ് ഞാനും സുഹൃത്തുക്കളും ഭക്ഷണം കഴിച്ചത്. മഞ്ഞുവീഴ്ച ഉണ്ടായാൽ അകത്തേക്ക പോകണമെന്ന് നിർദ്ദേശം കിട്ടിയിരുന്നു. ഭക്ഷണശേഷം ഞങ്ങൾ മഞ്ഞുമനുഷ്യനെ നിർമ്മിച്ചു. വിസ്ലർ കാണാനെത്തുന്ന സഞ്ചാരികൾ മഞ്ഞു മനുഷ്യനെ ഉണ്ടാക്കാതെ മടങ്ങുന്നത് അപൂർവ്വമാണത്രെ. ഞങ്ങളെപ്പോലെ മറ്റ് പലരും സംഘങ്ങളായി മഞ്ഞുമനുഷ്യനെ ഉണ്ടാക്കുന്നുണ്ടായിരുന്നു.
ആദ്യമായി മഞ്ഞുവീഴ്ച കണ്ടത് ഒരു വൈകുന്നേരത്തിലായിരുന്നു. കോൺഫറൻസിൽ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കെ ജനാലയിലൂടെ തൂവലു കണക്കെ മഞ്ഞ് വീണുകൊണ്ടിരിക്കുന്നത് ഞാൻ കണ്ടു. തായ്വാനിൽ നിന്നുള്ള സുഹൃത്ത് മേസിയ്ക്കും ഇത് ആദ്യത്തെ മഞ്ഞുവീഴ്ച അനുഭവമായിരുന്നു. ഞങ്ങൾ രണ്ടുപേരും പുറത്തിറങ്ങി, മഞ്ഞുപെയ്യുന്നത് ആസ്വദിച്ച് ഏറെസമയം ചിലവഴിച്ചു.

കാനഡയുടെ മുഖമുദ്രയാണ് മേപ്പിൾ സിറപ്പും, സാല്മൺ മീനും. മേപ്പിൾ ഇലയുടെ ചിത്രമാണ് കാനഡയുടെ പതാകയിലുള്ളത്. ഈ മരത്തിൽ നിന്നും വരുന്ന കറ ശുദ്ധീകരിച്ച ശേഷം സിറപ്പ് രൂപത്തിലാക്കി ഭക്ഷണത്തിൽ ചേർക്കാൻ ഉപയോഗിക്കുന്നു. ഓരോ നഗരത്തിലും ഉണ്ടാക്കുന്ന സിറപ്പിന് മറ്റ് നഗരങ്ങളിൽ നിന്നുള്ളവയെ അപേക്ഷിച്ച് നിറത്തിലും രുചിയിലും വ്യത്യാസമുണ്ടായിരിക്കും. മേപ്പിൾ സത്ത ഉൾക്കൊള്ളുന്ന ജാമുകളും, സ്ക്വാഷുകളും, മറ്റ് ആഹാരപദാർത്ഥങ്ങളും സുലഭമായി സൂപ്പർമാർക്കറ്റിൽ നിന്നും ലഭിക്കും. സാല്മൺ മത്സ്യം വറുത്തോ, സ്മോക്ക് ചെയ്തോ ആണ് പാകം ചെയ്യുക. എയർ കാനഡയുടെ വിമാനങ്ങളിൽ വിശേഷ വിഭവമായി വിളമ്പുന്നതും സാല്മൺ അടങ്ങിയ ഊൺ തന്നെ. അമേരിക്കൻ റെഡ് ഇന്ത്യൻ കരകൗശലവസ്തുക്കൾ വിസ്ലറിലെ ഗിഫ്റ്റ് ഷോപ്പുകളിൽ വില്പനയ്ക്കുണ്ട്. വീഞ്ഞുഗ്ലാസുകളിലും, ഭക്ഷണപ്പാത്രങ്ങളിലും ഗോത്രകലാചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പഴക്കടകളിൽ ആപ്പിൾ, വിവിധതരം മുന്തിരികൾ, സ്ടോബറികൾ എന്നിവയാണ് സുലഭമായി കിട്ടാനുള്ളത്.

വളരെച്ചെറിയ ഗ്രാമമായതുകൊണ്ട് വിസ്ലറിൽ സബ്വേ ട്രൈനുകളോ, ട്രാമുകളോ ഇല്ല. എന്നാൽ വാൻകൂവറിലേക്കുള്ള ബസ്സ് സർവ്വീസ് ഇടയ്ക്കിടയ്ക്കുണ്ട്. 2010-ലെ ശീതകാല ഒളിമ്പിക്സ് നടന്നത് വിസ്ലറിലും വാൻകൂവറിലുമായിട്ടായിരുന്നു. ഒളിമ്പിക്സിനോടനുബന്ധിച്ച് വിസ്ലർ-വാൻകൂവർ പാതയിൽ ഉരുൾപ്പൊട്ടൽ തടയാനുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നു.
കനേഡിയൻ ചോക്ലേറ്റിന്റെ രുചിയും, ചെറിപ്പൂക്കളുടെ ഗന്ധവും, കനേഡിയൻ ആതിഥേയരുടെ ഊഷ്മളതയും, മഞ്ഞിന്റെ തണുപ്പും, സുഹൃത്തുക്കളുമൊത്തുള്ള സായാഹ്നങ്ങളും എന്റെ കനേഡിയൻ യാത്ര അവിസ്മരണീയമാക്കി. 2016 ജൂണിൽ ടെഡ് സമ്മിറ്റിൽ പങ്കെടുക്കാൻ കാനഡയിലെ ബാനഫിൽ എത്തും വരെയും വിട.
[…] ക്ഷണിക്കാറുണ്ട്. ഞാൻ ക്യാനഡയിലെ വിസ്ലറിലും (2015), ബാൻഫിലും (2016) നടന്ന ടെഡ് […]